കരിമ്പ: കരിമ്പ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കും പഞ്ചായത്തിനു കീഴിലുള്ള സ്ഥാപനങ്ങളിലേക്കും താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി ഭരണസമിതി നടത്തിയ നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ചയും ക്രമക്കേടമുള്ളതായി ഇടതുപക്ഷ പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു.
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫീസിൽ ഇന്റർവ്യൂ നടത്തിയിരുന്നു.
ഓരോ തസ്തികയിലും അപേക്ഷിക്കുവിനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പ്രവ്യത്തിപരിചയം എന്നിങ്ങനെയുള്ള യാതൊരു മാനദണവുമില്ലാതെ നവമാധ്യങ്ങളിലൂടെ പ്രചാരണം നടത്തിയാണ് അപേക്ഷ ക്ഷണിച്ചത്. അതിനു പുറമെ അപേക്ഷിച്ചവരിൽ ഭൂരിഭാഗം പേർക്കും ടെസ്റ്റ്, ഇന്റർവ്യൂ തുടങ്ങിയ നടപടിക്രമങ്ങളെക്കുറിച്ച് പഞ്ചായത്ത് ഓഫീസിൽനിന്നും യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ല.
അപേക്ഷ നൽകിയവരിലെ ചിലരെ മാത്രം ഇന്റർവ്യൂവിന് വിളിച്ച നടപടിയിൽ ഭരണ പ്രതിപക്ഷ കക്ഷികൾക്കിടയിലും അതൃപ്തിയും അഭിപ്രായഭിന്നതയുമുണ്ടെന്നും അവർ പറഞ്ഞു.
മാനദണ്ഡങ്ങൾ പാലിക്കാതെ സ്വജന പക്ഷപാതപരമായി നടത്തിയ ഇന്റർവ്യൂ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുള്ള ഇടതുമുന്നണിയിലെ ഏഴ് അംഗങ്ങൾ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നൽകിക്കഴിഞ്ഞു. തന്നിഷ്ടപ്രകാരം ഇത്തരത്തിലുള്ള നിയമന നീക്കങ്ങളുമായി മുന്നോട്ടുപോയാൽ പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള പ്രത്യക്ഷ സമരപരിപാടികൾ ആസൂത്രണം ചെയ്യാനുള്ള തീരുമാനത്തിലാണെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.